തിരുവനന്തപുരം: ഭക്ഷ്യസമൃദ്ധിക്കായി യുവജനകമ്മീഷന്റെ ഗ്രീൻസോൺ പദ്ധതിക്ക് നെടുമങ്ങാട് ബ്ലോക്കിലെ പേങ്ങുമൂടലിൽ തുടക്കമായി. സഹകരണ ദേവസ്വം ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്താകമാനം ദുരിതാവസ്ഥയിലാണ്. ടൺ കണക്കിന് ലോഡുകൾ ഭക്ഷ്യവസ്തുക്കളെ വാങ്ങി ഉപയോഗിക്കുന്ന നാടാണ് കേരളം. എന്നാൽ പുതിയ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ അതിരുകടന്നെത്തുന്നത് പ്രയാസകരമാകും. ഉപഭോതൃ സംസ്ഥാനം എന്ന നിലയെ അതിജീവിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന സർക്കാർ തരിശു കിടക്കുന്ന ഭൂമികളെല്ലാം ഹരിതാഭമാക്കാനുള്ള പരിശ്രമങ്ങളിലാണ്. യുവജനങ്ങളെ കാര്‍ഷികസംരംഭങ്ങളിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചത് ഈ പശ്ചാത്തലത്തിലാണ്. ആവേശപൂർവ്വം യുവാക്കൾ ഏറ്റെടുക്കുന്നത് അഭിമാനാർഹമാണ്. യുവജനകമ്മീഷൻ ഏറ്റെടുക്കുന്ന ഗ്രീൻസോൺപദ്ധതി മാതൃകാപരമാണെന്നും കടകംപള്ളി പറഞ്ഞു. ‘തരിശുഭൂമികളെല്ലാം കൃഷിഭൂമിയാക്കാം ‘ എന്ന ലക്ഷ്യത്തോട് കൂടി യുവജനങ്ങള്‍ കൃഷിയിലേക്ക് ആവേശപൂർവ്വം ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയും വിവിധ വകുപ്പുകളുടെ പിന്തുണയും ഉറപ്പാക്കുകയും യുവജനകമ്മീഷൻ ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് കൊണ്ടാണ് യുവജനങ്ങള്‍ കൃഷിയിലേക്ക് ഇറങ്ങുന്നത്. പതിന്നാല് ജില്ലയിൽ ആദ്യഘട്ടത്തിൽ ജില്ലാ കോ ഓർഡിനേറ്റർമാരുടെയും കമ്മിഷൻ അംഗങ്ങളുടെയും നേതൃത്വത്തിൽ തരിശുഭൂമികൾ കണ്ടെത്തി കൃഷി ആരംഭിക്കും. യുവജനങ്ങൾക്കിടയിൽ വിജയിച്ച കാർഷികരംഗത്തെ യുവജനസംരംഭകരുമായി കമ്മിഷൻ ചെയർപേഴ്സൺ കൂടിയാലോചനകൾ നടത്തിയിരുന്നു. ഇവരുടെ സംസ്ഥാന തലത്തിൽ പുതിയ സംരംഭകർക്ക് സഹായകമാകുന്ന കൂട്ടായ്മക്ക് രൂപം കൊടുക്കും. യുവകർഷകർക്ക് പ്രോത്സാഹനവും പരിശീലനവും ഉറപ്പാക്കും. യുവജനങ്ങളെ കാർഷികരംഗത്തേക്ക് ആകർഷിക്കാൻ നൂതനമാർഗങ്ങളെയും സഹായപദ്ധതികളെയും സംബന്ധിച്ച സമഗ്രമായ പദ്ധതിയാക്കി ഗ്രീൻസോൺ വ്യാപിപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു.
കേരള സംസ്ഥാന യുവജനകമ്മീഷന്റെ നേതൃത്വത്തിൽ പലഘട്ടങ്ങളിലായി പലയിടങ്ങളിലും കൃഷി നടന്നു വരുകയാണ്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബി ബിജുവിന്റെ ഇടപെടലാണ് 6 ഏക്കർ ലഭ്യമായത്. യുവജനകമ്മീഷന്റെ സന്നദ്ധപ്രവർത്തകർ തുടർന്നുള്ള ദിനങ്ങളിൽ പരിചരണം ഏറ്റെടുക്കും. ചേന, ചേമ്പ്, ചീര, വെണ്ട, അമരക്ക തുടങ്ങിയവയാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, കമ്മിഷൻ അംഗം ദിപു രാധാകൃഷ്ണൻ, സംസ്ഥാന കോ ഓർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, ആർ മിഥുൻഷാ,തിരു:ജില്ലാ കോ ഓർഡിനേറ്റർ ആർ അമൽ, ബ്ലോക്ക് മെമ്പർ ലേഖ റാണി എന്നിവർ പങ്കെടുത്തു.