കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവജനകമ്മീഷൻ
സ്വമേധയ കേസെടുത്തു.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റർ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തിൽ പൊങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടത്.
കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലൽ കോളേജിൽ ബി.കോം. വിദ്യാർഥിനിയായിരുന്ന അഞ്ജുവിന് ചേർപ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു എന്നാണ് വാർത്ത. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയെ കാണാതായത്. എന്നാല് കോപ്പിയടി ആരോപണം രക്ഷിതാക്കളും ട്യൂഷന് അധ്യാപകനും നിഷേധിച്ചിട്ടുണ്ട്. പെണ്കുട്ടിയുടെ ബാഗ് മീനച്ചിലാറ്റിന്റെ പരിസരത്ത് കണ്ടെത്തിയതിനെ തുടര്ന്നാണ് ഇവിടെ തെരച്ചില് നടത്തിയത്. കോപ്പിയടി ആരോപണത്തില് പെണ്കുട്ടി മനോവിഷമത്തിലായതായി രക്ഷിതാക്കൾ പറയുന്നു. ആയതിനാൽ, അന്വേഷണം നടത്തി ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ട്‌ ലഭ്യമാക്കണമെന്നും യുവജനകമ്മീഷൻ ആവശ്യപ്പെട്ടു