തിരുവനന്തപുരം: കരൾരോഗം ബാധിച്ചു ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ് അഹ്സാന് സംസ്ഥാന യുവജന കമ്മീഷൻ ഇടപെടലിനെതുടർന്ന് ചികിത്സാ സഹായം ലഭിച്ചു. കരൾ മാറ്റിവെക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർദ്ധന കുടുംബാംഗമായ കൊല്ലം തിരുമുല്ലവാരം സ്വദേശി സിറാജുദീന്റെ മകനായ അഹ്സാൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കാനാണ് ഡോക്ടർ നിർദേശിച്ചത്. ശസ്ത്രക്രിയക്കായി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. കരൾ പകുത്തുനൽകാൻ കുഞ്ഞിന്റെ മാതാവ് തയാറായെങ്കിലും ശാസ്ത്രക്രിയക്കുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പിതാവ് യുവജന കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കമ്മീഷനും യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജനും പണം അനുവദിക്കാൻ അടിയന്തിര ശുപാർശ നൽകിയത്. സാമൂഹ്യ സുരക്ഷാ മിഷന്റെ ‘വി കെയർ’ പദ്ധതിയിൽപ്പെടുത്തി ശസ്ത്രക്രിയ നടത്തിയ ആസ്റ്റർ മെഡ്സിറ്റിയുടെ അക്കൗണ്ടിലേക്കാണ് തുക നൽകുക. ശസ്ത്രക്രിയക്ക് ശേഷം അഹ്സാൻ സുഖം പ്രാപിച്ചുവരുന്നു.