കേരള സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് പിൻതുണ നൽകി കൊണ്ടാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ ലോക്ക് ഡൗൺ കാലത്ത് “ഗ്രീൻ സോൺ ” പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ് യുവജന കമ്മീഷൻ പദ്ധതി ആവിഷ്കരിച്ചത്. ഗ്രീൻ സോൺ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ മാരാരിക്കുളത്തും ചാരുംമൂട്ടിലെ താമരക്കുളത്തുമാണ് യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ കൃഷി നടത്തുന്നത്.

മാരാരിക്കുളത്ത് വളവനാട് ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള നല്ലച്ചൻ കാവ്പുരയിടത്തിലെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. യുവജന കമ്മീഷൻ അംഗം അഡ്വ.ആർ രാഹുലിൻ്റെ മേൽനോട്ടത്തിൽ പ്രദേശത്തെ യുവാക്കൾ ചേർന്നാണ് കൃഷി നടത്തുന്നത്. പുതിയ കൃഷിരീതിയായ ഡ്രിപ്പ് ഇറിഗേഷൻ മാതൃകയിലാണ് കൃഷി ചെയ്യുന്നത്. കഞ്ഞിക്കുഴിയിലെ യുവകർഷകനായ ജ്യോതിഷിൻ്റെ നേതൃത്വത്തിൽ ”ടീം കഞ്ഞിക്കുഴി ” ആണ് ഡ്രിപ്പ് ഇറിഗേഷൻ തയ്യാറാക്കിയത്.

കൃഷിയുടെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം നിർവ്വഹിച്ചു. കമ്മീഷൻ അംഗം അഡ്വ.ആർ.രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.രജീഷ്‌, വാർഡ് മെമ്പർ മായ, വളവനാട് ദേവസ്വം സെക്രട്ടറി പി ചിദംബരൻ, പി പി അശോകൻ, വി.കെ രാജു, എ.അഖിൽ, അരുൺദേവ് ,യദുകൃഷ്ണൻ ,മോഹനൻ നാളേ കാട്ട് എന്നിവർ പങ്കെടുത്തു.