തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾക്കിടെ പരാതി പരിഹാരം ഓൺലൈനിലാക്കി യുവജന കമ്മിഷൻ. ഓൺലൈനിലെ ആദ്യപരാതിക്ക് വിജയകരമായ പരിസമാപ്തിയൊരുക്കിയാണ് ചുവടുവെയ്പ്. പ്രളയദുരിതകാലത്ത് കായിക സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ചേർത്തല വാരനാട് കട്ടച്ചിറ വേലശേരി വി.ആർ.രാഹുലാണ് കമ്മിഷന്റെ ഓൺലൈനിലെ ആദ്യപരാതിക്കാരൻ. ഇരുപത്തിരണ്ടുകാരനായ രാഹുൽ പ്ലസ്ടുവും ഐ.ടി.ഐ.യും കഴിഞ്ഞതാണ്. വോളിബോൾ താരമാണ്. ഇടിഞ്ഞുവീഴാറായ പഴയ വീട്ടിൽ കഴിയുന്ന രാഹുൽ പെയിന്റിങ്, മൈക്കാട് ജോലികളിലൂടെയാണ് ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നത്. തന്റെ കായിക സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിനാൽ സ്പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ നിർവാഹമില്ലെന്ന് വീഡിയോ കോൺഫറൻസിലൂടെ കമ്മിഷന് പരാതി നൽകുകയായിരുന്നു. ചെയർപേഴ്‌സൺ ചിന്താ ജെറോം നേരിട്ട് പരാതി കേട്ടു. ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിനായി ഓഫീസുകളിലൂടെ കയറിയിറങ്ങി നടപടിയെടുത്തതും കമ്മിഷന്റെ നേതൃത്വത്തിലാണ്. തിങ്കളാഴ്ച ഡി.പി.ഐ.യിൽനിന്ന് സർട്ടിഫിക്കറ്റിന്റെ പകർപ്പ് കമ്മിഷൻ കൈപ്പറ്റി. അടുത്തദിവസം തന്നെ രാഹുലിന് കൈമാറുമെന്ന് ചെയർപേഴ്‌സൺ ചിന്താ ജെറോം പറഞ്ഞു. ഇനി ഓൺലൈനിൽ അദാലത്ത് നടത്തുന്നതിനുള്ള ആലോചനയിലാണ് കമ്മിഷൻ. ഏറ്റവും അനുയോജ്യമായ ഓൺലൈൻ പ്ലാറ്റ്‌ഫോം ഇതിനായി കണ്ടെത്തുമെന്ന് ചെയർപേഴ്‌സൺ ചിന്താ ജെറോം പറഞ്ഞു.