പാലക്കാട്: പാലക്കാട് സീതാര്‍കുണ്ഡിൽ രണ്ട് യുവാക്കൾ കൊക്കയിൽ വീണ സംഭവത്തിൽ വ്യു പോയിന്റിൽ സുരക്ഷാ കൈവരി സ്ഥാപിക്കണമെന്ന് കേരള സംസ്ഥാന യുവജന കമ്മീഷൻ. വിഷയത്തിൽ വനംവകുപ്പിന് യുവജന കമ്മീഷൻ ശുപാർശ ചെയ്തു. ഇതു സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് അടിയന്തരമായി റിപ്പോർട്ട് ലഭ്യമാക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. കൊക്കയിലേക്ക് വീണ ഒറ്റപ്പാലം സ്വദേശി മരിച്ചു. കൂടെ അപകടത്തിൽപെട്ട കോട്ടായി സ്വദേശിയെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം മേലൂർ സാമ്പിക്കൽ തീണ്ടൽപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സന്ദീപാണ് (22) മരിച്ചത്. സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ കോട്ടായി മഠത്തിപ്പടി വീട്ടിൽ മണികണ്ഠന്റെ മകൻ രഘുനന്ദനെയാണ് (22) പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. 3200-ലധികം അടി താഴ്ചയുള്ളതാണ് സീതാർകുണ്ഡിലെ കൊക്ക.