കമ്മീഷന്റെ അധികാരങ്ങള്‍

(1) കമ്മീഷന് അതിന്റെ ചുമതലകള്‍ നിറവേറ്റുന്ന ആവിശ്യത്തിലേക്കായോ ; അല്ലെങ്കില്‍

  • (എ ) സര്‍ക്കാരിന്റെ അനുമതിയോടു കൂടി ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ ; അല്ലെങ്കില്‍
  • (ബി ) സര്‍ക്കാര്‍ ഉടമസ്ഥടയിലുള്ള കോര്‍പറേഷനുകളുടെയോ ലോക്കല്‍ അതോറിറ്റികളുടെയോ അനുമതിയോടുകൂടിയും സര്‍ക്കാരിന്റെ സമ്മതത്തോടുകൂടിയും അങ്ങനെയുള്ള
    കോര്‍പറേഷന്റെയോ ലോക്കല്‍ അതോറിറ്റിയുടെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ; സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

(2) കമ്മീഷന്, 9-ആം വകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍, താഴെപറയുന്ന കാര്യങ്ങളെ സംബന്ധിച്ചു 1908 – ലെ സിവില്‍ നടപടി നിയമസംഹിതയിന്‍ കീഴില്‍ ഒരു വ്യവഹാര വിചാരണ ചെയുന്ന ഒരു സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത് ;

  • (എ ) ഏതെങ്കിലും ആളെ വിളിച്ചവരുത്തുന്നതിനും ഹാജരാക്കല്‍ ഉറപ്പുവരുത്തുന്നതിനും സത്യപ്രസ്താവനയിന്മേല്‍ വിസ്തരിക്കുന്നതിനും ;
  • (ബി ) ഏതെങ്കിലും രേഖ കണ്ടെടുക്കുവാനും ഹാജരാക്കുവാനും ആവിശ്യപെടുന്നതിനും ;
  • (സി ) സത്യവാങ്മൂലത്തിന്മേല്‍ തെളിവ് സ്വീകരിക്കുന്നതിനും ;
  • (ഡി ) ഏതെങ്കിലും കോടതിയില്‍ നിന്നോ ഓഫീസില്‍ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകര്‍പ്പോ ആവശ്യപെടുന്നതിനും ;
  • (ഇ ) സാക്ഷികളെ വിസ്തരിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനും വേണ്ടി കമ്മീഷനുകളെ നിയോഗിക്കുന്നതിനും ;
  • (എഫ് ) നിര്‍ണയിക്കപ്പെടാവുന്ന മറ്റേതെങ്കിലും സംഗതിക്കും.

(3) 9- ആം വകുപ്പിന്‍കീഴില്‍ അന്വേഷണം നടത്തുമ്പോള്‍, കമ്മീഷന്‍ എല്ലാ കക്ഷികള്‍ക്കും സ്വമേധയായോ അല്ലെങ്കില്‍ അധികാരപ്പെടുത്തിയ പ്രധിനിധി മുഖേനയോ അവരുടെ അഭിപ്രായം അവതരിപ്പിക്കുവാന്‍ അവസരം നല്‍കേണ്ടതാണ്

(4) ഈ ആക്ടിന്‍കീഴില്‍ നടത്തിയ ഏതൊരു അന്വേഷണത്തിലെയും കമ്മീഷന്റെ തീരുമാനങ്ങള്‍ അതിന്റെ ശുപാരര്‍ശയോട് കൂടി ഉചിതമായ നടപടിക്കോ അല്ലെങ്കില്‍ തര്‍ക്കത്തിലേര്‍പ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് നല്‍കേണ്ടതാണ്.

(5) തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷന്‍ മുന്‍പാകെ ഒരാള്‍ അയാളെ സംബന്ധിച്ച് നല്‍കുന്ന പ്രസ്താവനെയോ മൊഴിയോ, അത്തരം പ്രസ്താവനെയോ മൊഴിയോ വഴി തെറ്റായ തെളിവ് നല്‍കുന്നതിനുള്ള പ്രോസിക്യൂഷന്‍ നടപടിയില്‍ ഒഴികെ, ഏതെങ്കിലും സിവില്‍ കോടതിയിലോ ക്രിമിനല്‍ കോടതിയിലോ ഉള്ള നടപടികള്‍ അങ്ങനെയുള്ള ആള്‍ക്കെതിരായി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

കമ്മീഷന്റെ ചുമതലകള്‍

  1. യുവാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി ഭരണഘടനയിലോ മറ്റേതെങ്കിലും നിയമത്തിന്‍ കീഴിലോ സര്‍ക്കാ4 ഉത്തരവിന്‍ കീഴിലോ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ചൂഷണത്തിനെതിരെയും മറ്റു തരത്തിലും ഉള്ള വിവിധ സംരക്ഷണ വ്യവസ്ഥകളുടെ പ്രവര്‍ത്തനരീതിയും നടത്തിപ്പും അന്വേഷിക്കുകയും പരിശോധിക്കുകയും പരിഹാര നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക ;
  2. യുവാക്കള്‍ക്കിടയില്‍ വ4ദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിരോധിക്കപ്പെട്ട മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനാവശ്യമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും, ഏത് തൊഴിലും അന്തസ്സായി ചെയ്ത് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള അറിവ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും, അത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുക ;
  3. യുവാക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി സര്‍ക്കാ4 വകുപ്പുകളെ ഏകോപിപ്പിക്കുക ;
  4. പൂര്‍ണ്ണമായ ശാക്തീകരണവും മികവും നേടുന്നതിന് വേണ്ടി യുവാക്കളുടെ കഴിവ് വികസിപ്പിക്കുകയും നേര്‍വഴിക്ക് നയിക്കുകയും ചെയ്യുക ;
  5. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ തേടുന്നതിനുള്ള മെച്ചപ്പെട്ട വഴികള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനായി പ്രോത്സാഹനപരവും വിദ്യാഭ്യാസപരവുമായ ഗവേഷണങ്ങള്‍ ഏറ്റെടുക്കുക ;
  6. യുവാക്കളുടെ, പ്രത്യേകിച്ചും ദുര്‍ബല വിഭാഗത്തിലും ഗോത്രവര്‍ഗ്ഗ വിഭാഗത്തിലും പെടുന്നവരുടെ സാമൂഹിക – സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ നടപടികളില്‍ സര്‍ക്കാരിനെ ഉപദേശിക്കുക
  7. യുവാക്കളുടെ സര്‍ഗ്ഗാത്മകതയും നൈപുണ്യവും വികസിപ്പിച്ചു കൊണ്ട് ഉന്നത നിലവാരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രാപ്തരാക്കുന്നതിന് എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളില്‍ അവരുടെ സാധ്യതകളും കഴിവുകളും കണ്ടെത്തുക ;
  8. അസംഘടിത മേഖലയില്‍ യുവാക്കള്‍ നേരിടുന്ന തൊഴില്‍പരമായ ദുരിതങ്ങള്‍ ശ്രദ്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുക ;
  9. യുവാക്കളുടെ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും നിഷേധിച്ചതായി പറയുന്ന പരാതികളിന്‍മേലും, പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന പ്രശ്‌നങ്ങളിന്‍മേല്‍ സ്വമേധയായും, അന്വേഷണം നടത്തുകയും, അത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും, നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യുക ;
  10. പരിസ്ഥിതി സംരക്ഷണം, പൗരബോധം, ജനാധിപത്യബോധം, സാമൂഹിക ബോധം, സാക്ഷരത തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക ;
  11. അതത് സമയം അതിന്റെ പരിഗണനയ്ക്ക് അയയ്ക്കുന്ന മറ്റു വിഷയങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കുക.