കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍

ചുരുങ്ങിയ കാലയാളവില്‍, കമ്മീഷന് നിശ്ചയിക്കപ്പെട്ട അധികാര പരിധിക്കുള്ളില്‍ ഒട്ടനവധി ഗുണകരമായ ഇടപെടലുകള്‍ നടത്താന്‍ കമ്മീഷന് സാധിച്ചു. കമ്മീഷന്‍ കഴിഞ്ഞ കാലയളവില്‍ ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പരിപാടികള്‍ ഇതിനോടകം തന്നെ ദേശിയ ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. അവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
1 . മദ്യം-മയക്കുമരുന്ന് ദുരുപയോഗം,റാഗിംഗ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡു സുരക്ഷ, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചും കോളേജുകളിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികളിലും ബോധവത്ക്കരണ പരിപാടികള്‍ നടത്തി വരുന്നു.

2. എല്ലാ ജില്ലകളിലും യുവജന അവകാശ സംരക്ഷണം മുന്‍നിര്‍ത്തി നിരവധി അദാലത്തുകളും സിറ്റിംഗുകളും നടത്തി.2020 ജനുവരി 14 ന്തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതല ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് സംഘടിപ്പിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് നടത്തുന്നത്.

3. സമകാലിക പ്രസക്തമായ വിഷയങ്ങളില്‍ ദേശീയ സെമിനാറുകളും ജില്ലാതല സെമിനാര്‍/സിമ്പോസിയം/ശില്പശാല എന്നിവ നടത്തി വരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുത്തപെട്ട യുവാക്കളാണ് പ്രസ്തുത ശില്‍പശാലകളിലും സെമിനാറിലും പങ്കെടുത്തിട്ടുള്ളത്.

4. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച യുവ തലമുറയില്‍ പെട്ട പ്രതിഭകള്‍ക്ക് എല്ലാ കൊല്ലവും യൂത്ത് ഐക്കണ്‍ പുരസ്‌കാരം നല്‍കി വരുന്നു.

5. പാര്‍ശ്വവത്കൃത യുവജനങ്ങളുടെ ശാക്തീകരണം/ആരോഗ്യ പരിപാലനം

6. ‘യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍’

സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന യുവജനങ്ങളില്‍ നിയമ സഹായം ആവശ്യമുള്ളവര്‍ക്കായി ഒരു ടോള്‍ഫ്രീ നമ്പറിലൂടെ സേവനം നല്‍കുന്നതിനുള്ള പദ്ധതി കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടപ്പിലാക്കിയ പദ്ധതിയാണ് യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍. നിയമ വിദഗ്ദരുടെ ഒരു പാനല്‍ രൂപപ്പെടുത്തി ടോള്‍ഫ്രീ നമ്പറിലൂടെ ആവശ്യക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

7. സാംസ്‌കാരിക വിനിമയ പദ്ധതി

8. ദേശീയ യുവജന ദിനാഘോഷം

ദേശീയ യുവജനദിനപരിപാടി വിപുലമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി പൊതു ചടങ്ങുകള്‍, വാഹനറാലി, മറ്റ് പരിപാടികള്‍ എന്നിവ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്നു. യുവാക്കളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ യുവജന സംഘടനകളുമായും മറ്റും ചര്‍ച്ചകള്‍, സംവാദങ്ങള്‍ യോഗങ്ങള്‍ എന്നിവയും നടത്തുന്നു.
2020 ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിച്ചു.

9. യുവജനങ്ങളുടെ ഫെസിലിറ്റേഷന്‍ പ്രോഗ്രാം

a) മഹിളാ മന്ദിര നിവാസികളായ സ്ത്രീകള്‍ക്കുള്ള പരിശീലനം

അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായി നിര്‍ഭയാഹോം, ആഫ്റ്റര്‍ കെയര്‍ ഹോം, തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ 21 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ മഹിളാമന്ദിരങ്ങളില്‍ എത്തുന്നു. ഇങ്ങനെയുള്ള യുവതികളെ തൊഴില്‍ പരിശീലനം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ ഒരു പദ്ധതി നടപ്പിലാക്കി. ഇതിനായി മഹിളാമന്ദിരത്തില്‍ നിന്നും 18-25 നും മദ്ധ്യേ പ്രായമുള്ള യുവതികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നതിന് കമ്മീഷന്‍ ധനസഹായം നല്‍കുന്നുണ്ട്

b) ഗ്രീന്‍ യൂത്ത് പദ്ധതി

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലിനെക്കുറിച്ച് ബോധവല്‍ക്കരണം എന്നിവയ്ക്കുവേണ്ടി സേവന സന്നദ്ധരായ ഒരുകൂട്ടം യുവജനങ്ങളെ കണ്ടെത്താനും അവര്‍ക്ക് പരിശീലനം നല്‍കി സര്‍ക്കാരിന്റെ വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുമുള്ള ഒരു പദ്ധതിക്ക് യുവജന കമ്മീഷന്‍ രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കു വേണ്ടി എല്ലാ ജില്ലകളില്‍ നിന്നും ഓരോ സന്നദ്ധപ്രവര്‍ത്തകരെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്.

c) വിര്‍ച്വല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

കമ്മീഷന്റെ ചുമതലകളുടെ നിര്‍വഹണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ ജോബ് പോര്‍ട്ടല്‍ കെല്‍ട്രോണ്‍ മുഖേന നടപ്പിലാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളെയും ഉദ്യോഗധാതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സൗജന്യ തൊഴില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് ജോബ് പോര്‍ട്ടല്‍. ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പദ്ധതിയുടെ തുടര്‍ നടത്തിപ്പിനും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ജോബ് ഫെസ്റ്റ് നടത്തുന്നതിനും വെബ് സൈറ്റ് അപ്‌ഡേഷന്‍, സോഷ്യല്‍ മീഡിയ അപ്‌ഡേഷന്‍ തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കുന്നതിന് ബിരുദധാരിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഒരാളെ വെബ് അഡ്മിനിസ്ട്രറ്ററായി നിയമിച്ചിട്ടുണ്ട്. കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോബ് ഫെസ്റ്റ് നടത്തുന്നതിനും കമ്മീഷന്‍ ഉദ്ദേശിക്കുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

നിരവധി മനുഷ്യപക്ഷ ഇടപെടലുകളിലൂടെ യുവജനതയുടെ അവകാശ സംരക്ഷണപോരാട്ടങ്ങളില്‍ ഭരണഘടനാ പരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ യുവജനകമ്മീഷന് കഴിഞ്ഞിട്ടുണ്ട്.
കേരളീയ യുവത്വത്തിന്റെ സര്‍വോത്മുഖമായ വളര്‍ച്ചക്ക് യുവജനകമ്മീഷന്‍ നല്‍കിപോരുന്ന സംഭാവനകള്‍ മാതൃകാപരമാണ്.പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിപുലീകരിച്ച് മുന്നോട്ട് പോകാന്‍ കേരളീയ സമൂഹത്തിന്റെ പിന്തുണയും സഹകരണവും അനിവാര്യമാണ്.